01:05am 29 October 2026
NEWS
പത്രിക പിൻവലിക്കണമെങ്കിൽ ആഭ്യന്തരമന്ത്രിയാക്കണമെന്ന് പി വി അൻവർ
05/06/2025  01:36 PM IST
nila
പത്രിക പിൻവലിക്കണമെങ്കിൽ ആഭ്യന്തരമന്ത്രിയാക്കണമെന്ന് പി വി അൻവർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാൻ യുഡിഎഫിന് മുന്നിൽ പുതിയ ഉപാധികൾ വെച്ച് പി വി അൻവർ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭൂരിപക്ഷം നേടിയാൽ തന്നെ ആഭ്യന്തരമന്ത്രിയാക്കണമെന്നാണ് അൻവറിന്റെ ആവശ്യം. ഒപ്പം വനംവകുപ്പും നൽകണമെന്നും അൻവർ ആവശ്യപ്പെട്ടു. 

അല്ലെങ്കിൽ വി.ഡി.സതീശനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തുനിന്നു മാറ്റണമെന്നാണ് മറ്റൊരു ഉപാധി. സതീശനെ മാറ്റുകയോ തന്നെ ആഭ്യന്തരമന്ത്രിയാക്കുകയോ ചെയ്താൽ മാത്രമേ പത്രിക പിൻവലിക്കൂവെന്ന് യുഡിഎഫിനെ അറിയിച്ചതായി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. സതീശൻ മുക്കാൽ പിണറായിയാണെന്നും അൻവർ ആരോപിച്ചു.

‘‘വനം മന്ത്രി സ്ഥാനം എനിക്ക് നൽകണം. പൊലീസിലെ ആർഎസ്എസ് വൽക്കരണം ഇല്ലാതാക്കണമെങ്കിൽ ആഭ്യന്തര വകുപ്പ് എനിക്ക് നൽകണം. അല്ലെങ്കിൽ വി.ഡി.സതീശനെ ആ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഉറപ്പു നൽകണമെന്നുമാണ് ആവശ്യപ്പെട്ടത്. ഈ രണ്ടു വകുപ്പുകളാണ് ഇവിടെ ശുദ്ധീകരിക്കപ്പെടേണ്ടത്. ഐഎഫ്എസ് ഉദ്യോഗസ്ഥർ കേന്ദ്ര ലോബിയുടെ സഹായത്തോടെ മലയോര ജനതയെ കുടിയിറക്കാൻ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമാക്കി മലയോര മേഖലയെ മാറ്റുകയാണ്. മൃഗങ്ങൾക്ക് കുടിക്കാൻ വെള്ളവും കഴിക്കാൻ തീറ്റയുമില്ല. സംരക്ഷണ ഭിത്തിയില്ല. ഈ രീതിയിൽ പോയാൽ കോഴിക്കോട് അങ്ങാടി വരെ വനമാകും. ഇതിന് തടയിടാൻ വനംവകുപ്പ് എനിക്ക് നൽകണം. യുഡിഎഫിലേക്കുള്ള വാതിൽ ഒറ്റയടിക്ക് അയച്ചത് വി.ഡി.സതീശനാണ്. അടച്ച വാതിൽ തുറക്കാൻ യുഡിഎഫിലെ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കുന്നുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചാൽ യുഡിഎഫിന്റെ മുന്നണിപ്പോരാളിയായി രംഗത്തുണ്ടാകും.‘‘

മത്സരത്തിൽനിന്ന് പിന്മാറില്ലെന്നും അൻവർ വ്യക്തമാക്കി. സതീശനാണ് തന്നെ മത്സരരംഗത്തിറക്കിയതെന്നും അൻവർ പറഞ്ഞു. മലപ്പുറം ജില്ലയിലെ 60 ലക്ഷം ജനങ്ങളിലേക്ക് വികസനം എത്താത്തതിനാൽ ജില്ലയെ വിഭജിക്കേണ്ടത് അത്യാവശ്യമാണെന്നും അൻവർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img